Current Date will be displayed here

Diabetes Care- All that You Must Know

പ്രമേഹ പരിചരണം - നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം.

ഇന്ത്യയിൽ ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ജീവിതശൈലി രോഗമാണ് പ്രമേഹം. നിലവിൽ നമ്മുടെ രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം 75 ദശലക്ഷത്തോളം ആണ്.  2045 ഓടെ ഇത് 125 ദശലക്ഷമായി ഉയരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രമേഹത്തിന്റെ വ്യാപനം ദേശീയതലത്തിൽ 8.7% ആണെന്നിരിക്കെ  കേരളത്തിൽ ഇത് 27 ശതമാനത്തോളം ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മനുഷ്യരാശിയെയും അവന്റെ ആരോഗ്യത്തെയും പ്രമേഹത്തോളം പ്രതികൂലമായി ബാധിക്കാൻ ശേഷിയുള്ള മറ്റൊരു അസുഖം ഇല്ല. ഇന്ത്യയിൽ പ്രമേഹത്തിന് വേണ്ടിയുള്ള വാർഷിക  ചിലവ് ഏകദേശം 1.5 ലക്ഷം കോടിയാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആരോഗ്യ മേഖലയിൽ നാം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പ്രമേഹം നിയന്ത്രണത്തെ സംബന്ധിച്ചിടത്തോളം  നാം ഏറെ പിന്നിൽ തന്നെയാണ്. പ്രമേഹ നിയന്ത്രണത്തിന്റെ അടിസ്ഥാനശിലയാണ് ഈ രോഗാവസ്ഥയെ കുറിച്ചുള്ള കൃത്യമായ അവബോധം.

ദീർഘകാല പ്രമേഹ നിയന്ത്രണത്തിനും അതിന്റെ സങ്കീർണതകൾ തടയുന്നതിനുമായ അഞ്ചു വസ്തുക്കൾ ചുവടെ ചേർക്കുന്നു.

1. ഭക്ഷണക്രമീകരണം - പരമ്പരാഗതമായി നിത്യേന നാം കഴിക്കുന്ന ആഹാരത്തിലെ മൊത്തം ഊർജ്ജവിഹിതത്തിന്റെ 60 മുതൽ 70% വരെ കാർബോഹൈഡ്രേറ്റ്സ് അഥവാ അന്നജമാണ് നൽകുന്നത് (അരി, ഗോതമ്പ്, മൈദ, മരിച്ചീനി മുതലായവ). ഈ വിഹിതം  40 മുതൽ 50 ശതമാനത്തിലേക്ക് വെട്ടി ചുരുക്കുക എന്നത് പ്രമേഹ നിയന്ത്രണത്തിൽ പരമപ്രധാനമായ ഒരു കാര്യമാണ്. പ്രോട്ടീൻ, നല്ല കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ (പയറുവർഗങ്ങൾ, മുട്ടയുടെ വെള്ള) മാംസം ( ചിക്കൻ, മത്സ്യം),  കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങൾ തുടങ്ങിയവ അന്നജനങ്ങൾക്ക് പകരമായി ഉപയോഗിക്കാം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അനാവശ്യമായ ഏറെക്കുറച്ചിലുകൾ , ഗ്ലൂക്കോസ് അമിതമായി രക്തത്തിൽ കുറഞ്ഞു പോകുന്ന അവസ്ഥ  (Hypoglycemia) തുടങ്ങിയ പ്രശ്നങ്ങൾ തടയുവാൻ ഒരു ദിവസത്തെ മൊത്തം ഭക്ഷണത്തെ കൃത്യമായ ഇടവേളകളിൽ ചെറുഭാഗങ്ങളായി കഴിക്കേണ്ടതുണ്ട്.

2. ഹോം ഗ്ലൂക്കോസ് മോണിറ്ററിംഗ് - രോഗികൾ വീട്ടിൽ നിശ്ചിത സമയങ്ങളിൽ ഗ്ലൂക്കോസിന്റെ അളവ് ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് രേഖപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. ഇത് തത്സമയത്തുള്ള ഗ്ലൂക്കോസിന്റെ നില അറിയുന്നതിലുപരി അവരുടെ പ്രമേഹ നിയന്ത്രണത്തിന്റെ പുരോഗതി മനസ്സിലാക്കാനും സഹായിക്കുന്നു. നിങ്ങളുടെ log book ( വീട്ടിൽ ഗ്ലൂക്കോസ്  റീഡിങ്ങുകൾ, മറ്റു വിശദാംശങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്ന ബുക്ക്) ഡോക്ടറുമായി പങ്കുവയ്ക്കുന്നതിലൂടെ ചികിത്സയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാൻ സഹായിക്കുന്നു.

3. വ്യായാമം- വ്യായാമം രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുവാനും ശരീരഭാരം കുറയ്ക്കുവാനും സഹായിക്കുന്നു. ഏറോബിക് വ്യായാമങ്ങൾ, ( നടത്തം,ജോഗിങ് സൈക്ലിംഗ്, നീന്തൽ മുതലായവ ) റെസിസ്റ്റന്റ് വ്യായാമങ്ങൾ (ഭാരവും, റെസിസ്റ്റന്റ് ബാന്റുകളും ഉപയോഗിച്ചുള്ളവ ) ഒരാഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് (5-6 ദിവസങ്ങളിലായി) എങ്കിലും മേൽപ്പറഞ്ഞ വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കേണ്ടതുണ്ട്.

4. കൃത്യനിഷ്ഠ  -  50% രോഗികളിലും കൃത്യമായ ഇടവേളകളിൽ മരുന്നു കഴിക്കുന്നതിൽ വീഴ്ച വരുത്തുന്നവരാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് രോഗ നിയന്ത്രണത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായമായ രോഗികളിൽ പ്രായസംബന്ധമായ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതുകൊണ്ട് ഇത് കൃത്യമായി മരുന്ന് കഴിക്കുന്നതിനെ ബാധിച്ചേക്കാം. പ്രിസ്ക്രിപ്ഷനുകളിൽ  ഗുളികകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെയും , കുറിപ്പടികൾ ലളിതമാക്കുന്നതിലൂടെയും, ഒരു ഗുളിക ഓർഗനൈസർ ഉപയോഗിക്കുന്നതിലൂടെയും ഇത് ഒരു പരിധിവരെ പരിഹരിക്കാവുന്നതാണ്.

5.ചിട്ടയായ നിയന്ത്രണം  - ജീവിതകാലം മുഴുവൻ  മരുന്നിലൂടെയും മറ്റ് ജീവിതശൈലി വ്യതിയാനങ്ങളിലൂടെയും നിയന്ത്രിച്ചു പോകേണ്ട ഒന്നാണ് പ്രമേഹം. കൃത്യമായ ഇടവേളകളിൽ മുറ തെറ്റാതെ ഡോക്ടറെ കാണുകയും മരുന്നുകളിൽ മറ്റും ആവശ്യമായ വ്യത്യാസങ്ങൾ വരുത്തേണ്ടതും പ്രമേഹ നിയന്ത്രണത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. നിർദിഷ്ട ഇടവേളകളിൽ എല്ലാം സ്ക്രീനിംഗ് ടെസ്റ്റുകളും ചെയ്യേണ്ടതുണ്ട്. ചികിത്സ ലക്ഷ്യങ്ങളിൽ തുടരാനും രോഗം മൂലമുള്ള സങ്കീർണതകൾ തടയാനും ഇത് നിങ്ങളെ സഹായിക്കുന്നു.

ഈ ലോക പ്രമേഹ രോഗദിനം പ്രമേഹ രോഗത്തെയും അതിന്റെ നിയന്ത്രണത്തെയും മറ്റൊരു വീക്ഷണ കോണിലൂടെ കാണുവാനും അതിലൂടെ ചികിത്സയെ പുതിയ തലങ്ങളിലേക്ക് ഉയർത്തുവാനും നിങ്ങൾക്ക് പ്രചോദനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഓർക്കുക, പ്രമേഹ ചികിത്സയും പരിചരണവും  ഒരു ഹ്രസ്വദൂരത്തിലുള്ള ഓട്ട മത്സര ദൂരം  പോലെയല്ല , മറിച്ച് അത് ഒരു മാരത്തൺ ആണ്.  പ്രമേഹ രോഗമുള്ള ഓരോരുത്തരും അവരുടെ മതിയായ സമയവും പണവും ശ്രദ്ധയും ചികിത്സയ്ക്കായി മാറ്റി വെച്ചാൽ  മാത്രമേ സുസ്ഥിരമായ ആരോഗ്യം നിലനിർത്തുവാൻ സാധിക്കുകയുള്ളൂ.

 

Article By

DR.ANEESH GHOSH M S

MD(Gen Med), DNB ( Endrocrinology )

Senior Consultant (Chief of Endocrinology and Metabolism)

Ananthapuri Hospitals and Research Insititute, Thiruvananthapuram

For Enquiry: 0471 660 99 00